തിരുവനന്തപുരം: ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നവംബർ 13 മുതൽ എസ്.ബി.ഐ, കനറാ, ഫെഡറൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കർഷകർക്ക് പി.ആർ.എസ്. വായ്പ ആയാണ് നൽകുന്നത്. തുകയും പലിശയും പിഴ പലിശ ഉണ്ടായാൽ അതും സപ്ലൈകോ പൂർണ്ണമായും അടച്ചുതീർക്കും. കർഷകന് ബാദ്ധ്യത ഉണ്ടാകില്ലെന്നു മന്ത്രി ഉറപ്പുനൽകി.
പി.ആർ.എസ്. വായ്പ വഴിയല്ലാതെ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാൻ സപ്ലൈകോയ്ക്ക് കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വെളിപ്പെടുത്തി.സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്നു പി.ആർ.എസ്. വായ്പയായി 170 കോടിയിലധികം രൂപ ഇനിയും ലഭ്യമാക്കാൻ കഴിയും. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള തുകയ്ക്കായി നടപടികൾ പുരോഗമിക്കുന്നു.11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. മുൻ വർഷങ്ങളിൽ ഔട്ട് ടേൺ റേഷ്യോ 64.5% ആയി മില്ലുടമകളുമായി കരാർ ഒപ്പിട്ടിരുന്നുവെങ്കിലും ഹൈക്കോടതി വിധി മൂലം കേന്ദ്രം നിശ്ചയിച്ച 68% ഇവിടെയും ബാധകമാക്കി.
ഈ സീസണിൽ സംഭരിച്ചത്: 17680.81 ടൺ
വായ്പയായി നൽകുന്ന വില:49.85കോടി
ജില്ലകളിലെ സംഭരണം (തൂക്കം ടണ്ണിൽ )
ആലപ്പുഴ………… 8808.735
കോട്ടയം………….1466.5
പാലക്കാട് ……….6539.4
കുടിശ്ശിക 10നകം കൈപ്പറ്റണം
അയ്യായിരത്തോളം കർഷകർക്കായി മുപ്പത് കോടിയോളം രൂപ മുൻ കുടിശ്ശികയുണ്ട്. നവംബർ 10നുള്ളിൽ അവരവർക്ക് അലോട്ട് ചെയ്ത ബാങ്കുകളിൽ നിന്ന് പി.ആർ.എസ്. വായ്പയായി തുക കൈപ്പറ്റേണ്ടതാണ്. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമതടസ്സമുള്ള കേസുകളിൽ (മൈനർ അക്കൗണ്ട്, എൻ.ആർ.ഐ അക്കൗണ്ട്, കർഷകന്റെ മരണം) ആവശ്യമായ നടപടി സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.