ആലപ്പുഴ : നെൽക്കൃഷിക്ക് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി, കുന്നുമ്മയിലെ കർഷകൻ കെ.ജി. പ്രസാദിന്റെ വീടും അഞ്ചുസെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണിത്. ഓമനയും മക്കളായ അദീനയും അധിനിക് പ്രസാദുമാണ് ഇവിടെ താമസം.
2022 ആഗസ്റ്റ് 27നാണ് 60,000 രൂപ സ്വയംതൊഴിൽ വായ്പയായി എടുത്തത്. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചുദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ അറിയിപ്പ്.
പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്ന് 2023 നവംബർ11നാണ് കുന്നുമ്മ കാട്ടിൽപറമ്പിൽ പ്രസാദ് (57) ജീവനൊടുക്കിയത്. ഭർത്തൃവീട്ടിൽ നിന്നെത്തിയ അദീന അന്നുമുതൽ അമ്മയ്ക്കൊപ്പമുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് കുടുംബം കഴിയുന്നത്. പ്രസാദിന്റെ മരണത്തിനു മുമ്പ് ഓമന തൊഴിലുറപ്പിന് പോയിരുന്നു.
60 ദിവസം പിന്നിട്ട കൃഷി പ്രസാദിന്റെ സഹോദരൻ ഏറ്റെടുത്തെങ്കിലും മൂന്നുമാസത്തിനുശേഷം വിളവെടുത്താലേ പാട്ടത്തുകയും ചെലവും കഴിച്ച് മുതലെങ്കിലും ലഭിക്കൂ. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 11,000 രൂപയും പലിശക്കാർക്ക് 15,000 രൂപയും ഓരോ മാസവും നൽകണം.
പ്രസാദിന്റെ ആത്മഹത്യയ്ക്കിടയാക്കിയ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പി. പ്രസാദും വായ്പാ കുടിശ്ശികയ്ക്ക് പരിഹാരം കാണാമെന്ന് രമേശ് ചെന്നിത്തലയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്ന് ഓമന പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പട്ടികജാതി വികസന വകുപ്പിൽ നിന്നനുവദിച്ച ഒരേക്കറിലധികം കൃഷിഭൂമിയുടെ പേരിൽ 2019-20മുതൽ കുടുംബത്തിന്റെ കാർഡും മുൻഗണനാവിഭാഗത്തിൽ നിന്ന് മാറ്റി.
‘മന്ത്രിമാരും നേതാക്കളും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. വീടും വസ്തുവും ജപ്തി ചെയ്താൽ റോഡിലിറങ്ങുകയേ മാർഗമുള്ളൂ. റേഷൻകാർഡ് ഇപ്പോഴും മുൻഗണനേതര വിഭാഗത്തിലാണ്. വായ്പയെടുത്തത് കൃഷിയ്ക്കല്ലെന്നപേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ നടത്തുന്ന അപവാദപ്രചാരണം സഹിക്കാനാകുന്നില്ല. മുഴുവൻ ബാദ്ധ്യതയും കൃഷിയിൽ നിന്നുണ്ടായതാണ് എന്ന് പറഞ്ഞു പ്രസാദിന്റെ ഭാര്യ ഓമന
മാസങ്ങളായി തവണ ഒടുക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. പലിശ സഹിതം തുക അടച്ചാലേ നടപടി ഒഴിവാക്കൂ എന്നാണ് പട്ടിക ജാതി പട്ടിക വർഗ ഓഫീസ്, ആലപ്പുഴ സൂപ്രണ്ടിൻറെ വിശദീകരണം