ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കൽ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരീനിവാസിൽ ബിജു (53)ന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്. കഴുത്തിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടിൽ സജി (46)നെ പൊലീസ് അറസ്റ്റ് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ബിജു സജിയുടെ വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന സജി ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തു മടങ്ങുമ്പോൾ ബിജുവിന്റെ ദേഹത്തേക്ക് സജി തിളച്ച കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു. സജിക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസും പറഞ്ഞു.