കണ്ണൂർ : പി.വി അൻവർ എം.എൽ.എയ്ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹരജി നൽകിയത്.
സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയിൽ നേരിട്ടെത്തി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
നവീൻ ബാബുവിന്റെ മരണം, ഇ.പി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെ ഒക്കെ പിന്നിൽ ശശി ആണെന്നായിരുന്നു പാലക്കാട് അൻവർ പ്രസംഗിച്ചത്. ഈ ആരോപണങ്ങളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിലും തലശ്ശേരിയിലുമായാണ് കേസ് ഫയൽ ചെയ്തത്. അഡ്വ.കെ വിശ്വൻ മുഖേന ഹരജി സമർപ്പിക്കുകയായിരുന്നു.
അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്നായിരുന്നു കേസ് ഫയൽ ചെയ്തതിന് ശേഷം ശശിയുടെ പ്രതികരണം. നിരന്തരമായി ആരോപണമുന്നയിക്കുമ്പോഴും തന്നെയല്ല, മറിച്ച് മുഖ്യമന്ത്രിയെ ആണ് അൻവർ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി ആരോപിച്ചു. ഇതാദ്യമായാണ് അൻവറിനെതിരെ ശശി ആരോപണുന്നയിക്കുന്നത്.