
തിരുവനന്തപുരം : കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന് ഇ ശ്രീധരനെ ഏല്‍പ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ശ്രീധരനെ സ്പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെ എന്നും, അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു.
സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇ ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂവെന്നും രാജീവ് പറഞ്ഞു.
മറ്റന്നാള്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോയെന്നും രാജീവ് ചോദിച്ചു. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും പി രാജീവ് പറഞ്ഞു. അതിവേഗ റെയില്‍ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകള്‍ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ പ്രതികരണം.