കൊച്ചി: മോർച്ചറിയിൽ കയറി എംഎൽഎയും എംപിയും അടക്കമുള്ളവർ മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയ സംഭവം വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തതെന്ന് മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ താൽപര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. അന്തരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പോലും സമരക്കാർക്കൊപ്പം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധം സംബന്ധിച്ചാണ് മന്ത്രിയുടെ പ്രതികരണം.‘‘ആ കുടുംബത്തിനും മറ്റു കാര്യങ്ങൾക്കും പോസ്റ്റ്മോർട്ടം പ്രധാനപ്പെട്ടതാണ്. അവിടെ കയറി മൃതദേഹം എടുത്തുകൊണ്ടു പോവുകയാണ് ചെയ്തത്. ഞാൻ മനസ്സിലാക്കുന്നത് അനുസരിച്ച് കുടുംബാംഗങ്ങൾ ഇപ്പോഴും ആശുപത്രിയിൽ തന്നെയുണ്ടെന്നും അവർ മൃതദേഹം കൊണ്ടുപോയവർക്കൊപ്പം പോയിട്ടില്ലെന്നുമാണ്. ആശുപത്രിയിൽ ദേവികുളം, കോതമംഗലം എംഎൽഎമാരുമുണ്ട്. തുടര്‍കാര്യങ്ങൾ സർക്കാർ സ്വീകരിച്ചത് അവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടി വളരെ തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.’’– മന്ത്രി രാജീവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുന്നതുകൊണ്ട് ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോൾ ചെയ്തിരിക്കുന്നത് ഗൗരവകരമായ കാര്യമാണെന്നും രാജീവ് പറഞ്ഞു. സമൂഹത്തിനു മുന്നിലുള്ള ഈ പ്രശ്നത്തിൽ സാധ്യമായ വിധത്തിൽ സർക്കാർ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായി ചില സ്ഥലങ്ങളിൽ മനുഷ്യർ പ്രതികരിക്കും. എന്നാൽ ഭൗതികശരീരത്തോടുള്ള ആദരവും നിയമവ്യവസ്ഥയോടുള്ള ബഹുമാനവും ഇല്ലാതെയുള്ളതാണ് ഇപ്പോഴത്തെ നടപടി. പോസ്റ്റ്മോർട്ടം നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഒരു എംഎൽഎയും എംപിയും മോർച്ചറിയിലെത്തി മൃതദേഹം അവിടെ നിന്ന് വലിച്ചെടുത്തു കൊണ്ടു പോകുന്നത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ളതാണ്. കുടുംബാംഗങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടി തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. സഹോദരൻ ഉൾപ്പെടെയുള്ളവർക്ക് പൊലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.