കോഴിക്കോട് : സിപിഎം നേതാവ് എ കെ ബാലനെതിരായ ‘ശുദ്ധ ഭ്രാന്ത്’ പരാമര്‍ശം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. എ കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് മുന്നണി മാറ്റ ചര്‍ച്ചയെ കുറിച്ചാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍ഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തോട് കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണമാണ് ചര്‍ച്ചയായത്. പൊതുവേ കടുത്ത പ്രയോഗങ്ങള്‍ നടത്താത്ത കുഞ്ഞാലിക്കുട്ടി ബാലന് ഭ്രാന്താണെന്ന തരത്തിലാണ് പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം മുന്നണി മാറ്റത്തിന്റെ ഭാഗം എന്ന് പറയുന്നത് ഭ്രാന്ത് ആണെന്നാണ് ഉദ്ദേശിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യുഡിഎഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് വ്യക്തമാക്കി. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യുഡിഎഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എല്‍ ഡി എഫ് മുന്നണിയിലേക്കുള്ള സൂചനയല്ല കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് ഏറ്റെടുത്തത്. കേസ് കൊടുത്താലും കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.