കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയച്ചതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ . കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ കണ്ണൂരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസിൽ പ്രതിചേർത്തതെന്നും ഡൽഹിയിൽ ചെന്ന് സിബിഐയിലും സമ്മർദം ചെലുത്തിയെന്നും ഷഫീർ വെളിപ്പെടുത്തിയിരുന്നു. ഇത് സുധാകരൻ നിഷേധിച്ചിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള ഇടപെടലാണ് നടന്നതെന്ന് വ്യക്തമാണെന്നും പി ജയരാജൻ പറഞ്ഞു.ഷഫീറിന്റെ പ്രസംഗം അടങ്ങുന്ന കാസറ്റും സിബിഐ ഡയറക്ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
കെ.സുധാകരനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ ഷഫീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷും പ്രതിയായതിനു പിന്നില്‍ കെ.സുധാകരന്റെ വിയര്‍പ്പുണ്ടെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം.
2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറ വള്ളുവന്‍കടവിന് അടുത്താണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ (24) കൊല്ലപ്പെടുന്നത്. ഈ കേസിന്റെ ഗൂഢാലോചനയില്‍ പി.ജയരാജനെയും ടി.വി.രാജേഷിനെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു.