കൊല്ലം : ഓയൂരിനടുത്ത് ഓട്ടുമലയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെയും ഭര്‍ത്തൃസഹോദരനെയും ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായി പരാതി.
ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു.
ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെന്പറെ വിവരമറിയിച്ചത്.
വാര്‍ഡ് മെന്പര് എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.
പദ്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകുന്നേരം ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഫോണ്‍ ചെയ്ത ആളുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.