കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ള ഒരു യുവതി നഴ്സിംഗ് കെയര്ടേക്കറെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്.
നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.കുട്ടിയുടെ അച്ഛന്റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു.
തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തേക്കും.ഇതോടെ കേസിന്റെ ശരിയായ ചിത്രം തെളിയുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞദിവസം ഇയാളുടെ മൊബൈല്‍ഫോണ്‍ പത്തനംതിട്ടയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേ സമയം, കേസില്‍ ചിറക്കര സ്വദേശിയായ ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം.