കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാറിന്റെയും കുടുംബത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിർണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉച്ചയോടെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും.
കസ്റ്റഡി കാലാവധിയിൽ കേസിലെ മൂന്ന് പ്രതികളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആയി എന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നിർണായകമായ പല തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ആദ്യ രണ്ടു ദിവസം വിശദമായിട്ടുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. തുടർന്ന് കേസും ആയി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗം, പെൻസിൽ ബോക്സ്, വ്യാജ നമ്പർ പ്ലേറ്റിന്റെ അവശിഷ്ടങ്ങൾ തുടങ്ങിയവ കണ്ടെത്താനായത് അന്വേഷണത്തിൽ നിർണായകമായി. മോചനം ദ്രവ്യം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചത് രണ്ടാം പ്രതി അനിതകുമാരിയുടെത് ആണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ശബ്ദം ശാസ്ത്രീയ പരിശോധനയ്ക്കും അയച്ചു. ബാങ്ക് രേഖകൾ ഉൾപ്പടെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരക്കര കോടതിയിൽ പ്രതികളെ ഹാജരാക്കുബോൾ പ്രതിഭാഗം ജാമ്യപേക്ഷ നൽകിയേക്കും. പ്രതികളെ ഇനിയും കസ്റ്റഡിയിൽ ആവശ്യമെങ്കിൽ അന്വേഷണ സംഘം പിന്നീട് കോടതിയിൽ അപേക്ഷ നൽകും.