കൊല്‍ക്കത്ത : റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരുടെ മേലേക്ക് വാട്ടര്‍ ടാങ്ക് മറിഞ്ഞുവീണ് രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ബര്‍ധമാന്‍ സ്റ്റേഷനിലെ 2, 3 പ്ലാറ്റ്ഫോമുകളില്‍ കാത്തുനിന്നിരുന്ന യാത്രക്കാരുടെ മേലേക്ക് മുകളില്‍ സ്ഥാപിച്ച വലിയ വാട്ടര്‍ ടാങ്ക് മറിഞ്ഞു വീഴുകയായിരുന്നെന്ന് ഈസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബര്‍ധമാന്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. രണ്ടുപേര്‍ മരിച്ചതായും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി ഇആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സ്റ്റേഷനിലെ 1, 2, 3 പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.