തിരുവനന്തപുരം : എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 17 സർക്കാർ ആശുപത്രികളും 27 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 44 ആശുപത്രികൾക്കാണ് മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ആരോഗ്യ സംവിധാനത്തിൽ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. 41.8% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുന്നത്. 63.7% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആറ് മാസക്കാലം സമ്പൂർണമായി മുലപ്പാൽ ലഭിക്കുന്നത്. ഇത് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന നിർണായക മേഖലകളാണ്. ഹോം ബേസ്ഡ് ചൈൽഡ് കെയർ പ്രോഗ്രാം എന്ന പേരിൽ മറ്റൊരു പരിപാടി കൂടി കേരളം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ആദ്യ ആഴ്ച മുതൽ ഒന്നര വയസ് വരെയുള്ള കുട്ടികൾക്കായി ആശാ വർക്കർമാരിലൂടെ നടത്തുന്ന കേന്ദ്രീകൃത ഭവന സന്ദർശനമാണ് പരിപാടി വിഭാവനം ചെയ്യുന്നത്. വളർച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പുറമേ, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനും അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു മന്ത്രി പറഞ്ഞു.