കോട്ടയം : സഭാ തർക്കത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ക്രമസമാധാന പ്രശ്നം എന്ന ഓമനപ്പേരിട്ട്, വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. സർക്കാരിന്റെ ഔദാര്യം വേണ്ടെന്നും നീതി നടപ്പാക്കിയില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പറഞ്ഞു.
സഭാ ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് വിമർശനം. സഭാ കേസിൽ സർക്കാരിന്റെ നിലപാട് വഞ്ചനാപരമാണ്. ഏകപക്ഷീയ നയമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. രാജ്യത്ത് നിലനിൽക്കുന്ന നിയമം എന്താണെന്ന് സർക്കാർ മനസിലാക്കണമെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം പറയുന്നു.
ഔദാര്യമല്ല വേണ്ടത്, സഭയ്ക്ക് ലഭിക്കേണ്ട അവകാശം സർക്കാർ ഉറപ്പാക്കണം. ഈ നയം നിർത്തിയില്ലെങ്കിൽ സഭ കടുത്ത തീരുമാനങ്ങളിലേക്ക് പോവുമെന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. സർക്കാർ നീതിബോധം ഉള്ളവരായി മാറണം.
നീതിബോധമുള്ള കേരള സമൂഹത്തിനു മുന്നിൽ സർക്കാർ ആ നിലയ്ക്കു തന്നെ പെരുമാറണം. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ സഭാ തർക്ക കേസ് പ്രതിഫലിക്കുമെന്നും പ്രതിനിധികൾ മുന്നറിയിപ്പു നൽകി.