തിരുവനന്തപുരം : വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക് എന്ന ‘ഓർഗനൈസർ’ ലേഖനം പിൻവലിച്ചത് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയുടേത് സ്വന്തം ഭൂമിയാണെന്നും വഖഫ് ഭൂമി പോലെ പിടിച്ചെടുത്തതല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നുണകൾ പറയാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണ് എന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനമാണ് ‘ഓർഗനൈസര്‍ പിൻവലിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിൻവലിച്ചത്.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.