


ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്കി പ്രതിപക്ഷ എംപിമാര്‍. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ഷാഫി പറമ്പില്‍, കെ. രാധാകൃഷ്ണന്, ഹൈബി ഈഡന് എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭാ എംപിമാരായ എ.എ റഹീം, പി. സന്തോഷ് കുമാര്‍ എന്നിവരും നോട്ടീസ് നല്കി.
ശൂന്യവേളയില്‍ മറ്റു വിഷയങ്ങള്‍ ലിസ്റ്റ് ചെയ്യുകയോ പരിഗണിക്കുകയോ ചെയ്യരുതെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
നീറ്റ് പരീക്ഷക്ക് പുറമെ അയോധ്യ വിഷയം, സോനം വാങ്ചുക്കിന്റെ കസ്റ്റഡി, ഇന്ധനവില വര്‍ധന തുടങ്ങിയ ജനകീയ വിഷയങ്ങളും സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക.
എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍, ദേശീയ മുദ്രകളെ അപമാനിക്കല്‍ വിലക്കുന്ന ഭേദഗതി തുടങ്ങിയ ബില്ലുകള്‍ പാസാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തില്‍ ആകെ 19 സിറ്റിങ്ങുകളാണുള്ളത്.
അതേസമയം രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും. എന്നാല്‍ മാര്‍ച്ചിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മെട്രോ ഉള്‍പ്പെടെ അടച്ചുപൂട്ടി ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജന്‍പഥ്, രാജീവ് ചൗക്, പട്ടേല്‍ ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, സേവതീര്‍ത്ഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ മെട്രോ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു.
സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നതെന്നാണ് ഡിഎംആര്‍സിയുടെ വിശദീകരണം. അതേസമയം ആയിരക്കണക്കിന് യുവാക്കളാണ് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്നത്.