തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു.
വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ടും വലിയ ബാനർ ഉയർത്തിപ്പിടിച്ച് കൊണ്ടുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ധന വിനിയോഗ ബില്ലും വോട് ഓൺ അക്കൗണ്ടും ചർച്ച കൂടാതെ പാസാക്കി. തുടർന്ന് നിയമ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.