ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ലോക്സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് രണ്ട് വരെയാണ് സഭ നിര്‍ത്തിവച്ചത്.സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബിജെപി എംപി അക്രമികള്‍ക്ക് പാസ് നല്കിയ കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സഭയിലെത്താതെ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പോസ്റ്ററുകളുമായി എംപിമാര്‍ സ്പീക്കറുടെ ചെയറിനടുത്തെത്തി പ്രതിഷേധിച്ചിച്ചു. ഇതോടെ സഭ ആരംഭിച്ച് 20 മിനിറ്റിനകം തന്നെ ലോക്സഭ പിരിയുകയായിരുന്നു.
അമിത് ഷാ മറുപടി പറയണമെന്നും അക്രമികള്‍ക്ക് പാസ് നല്കിയ മൈസുരുവിലെ ബിജെപി എംപി പ്രതാപ് സിന്‍ഹയെ പുറത്താക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരാനാണ് തീരുമാനം.സസ്പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പുതിയ പാര്‍ലമെന്റ് കവാടത്തില്‍ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്.
അതേസമയം രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്സഭയിലും പ്രതിപക്ഷം നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി സയ്യിദ് നസീര്‍ ആണ് റൂള്‍ 267 അനുസരിച്ച് നോട്ടീസ് നല്‍കിയത്.