പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യത്തിനു രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്നയില്‍ കൂടിക്കാഴ്ച നടത്തി. 18 പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവുമാണ് ആതിഥ്യം വഹിച്ചത്.ജൂലൈയിൽ ഷിംലയിൽ ഇന്നത്തെ യോഗത്തിന്റെ തുടർയോഗം നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അധ്യക്ഷനാകും .
നിതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അണി നിരന്നു. സിപിഎം, സിപിഐ, സിപിഐ എംഎല്, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആംആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജരിവാള്‍, ഭഗവന്ത് മന്, ഡിഎംകെയില്‍നിന്ന് എംകെ സ്റ്റാലിന്, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ദ് സോറന്, സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ ഏക ഉത്തരവാദിത്വമെന്ന്, പ്രതിപക്ഷ കൂട്ടായ്മയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച രാജ്യത്തിനു പുതിയ ദിശാബോധം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ചര്‍ച്ചയായതെന്ന് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം സീറ്റ് പങ്കുവയ്ക്കല്‍ പോലെയുള്ള കാര്യങ്ങളെ ഇന്നത്തെ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കിയതായും സൂചനയുണ്ട്.