ന്യൂഡല്‍ഹി : അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ്. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് സസ്പെന്‍ഡ് ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനെ വ്യാഴാഴ്ച രാജ്യസഭയില്‍ നിന്നും കോണ്‍ഗ്രസിലെ ഒമ്പത് പേരും ഡിഎംകെയുടെ കനിമൊഴിയും ഉള്‍പ്പെടെ 13 പ്രതിപക്ഷ എംപിമാരെ ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.നിശബ്ദ വിപ്ലവം എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഒബ്രിയാന് പ്രകടനത്തില്‍ പങ്കെടുത്തത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇവര്‍ക്കൊപ്പം പ്രകടനത്തില്‍ അണിനിരന്നു. പാര്‍ലമെന്റില്‍ നുഴഞ്ഞുകയറിയവര്‍ക്ക് സന്ദര്‍ശക പാസ് നല്കിയ ബിജെപി എംപിയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നും തങ്ങള്‍ക്കെതിരായ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പ്രതിഷേധിച്ച എംപിമാര്‍ ആവശ്യപ്പെട്ടു.
സന്ദര്‍ശക പാസ് അനുവദിച്ച ബിജെപി എംപി സ്വതന്ത്രമായി സഞ്ചരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തിയതിന് തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് എംപി ഹൈബി ഈഡന് പറഞ്ഞു.
സഭാ നടപടികള്‍ തടസപ്പെടുത്തിയതിന് കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്, ഹൈബി ഈഡന്, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, വി കെ ശ്രീകണ്ഠന്, ബെന്നി ബഹനാന്, ജ്യോതിമണി, മുഹമ്മദ് ജവൈദ്, മാണിക്യം ടാഗോര്‍, സിപിഎം എംപി പിആര്‍ നടരാജന്, ഡിഎംകെയിലെ കനിമൊഴി, എസ് വെങ്കിടേശന്, സിപിഐയുടെ കെ സുബ്ബരായന്‍ എന്നിവരെ വ്യാഴാഴ്ച ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഡ് ചെയ്ത എംപിമാരില്‍ ഡിഎംകെയുടെ എസ് ആര് പാര്‍ത്ഥിബനും ഉള്‍പ്പെടുന്നു. എന്നാല്‍ പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് അദ്ദേഹം സഭയില്‍ ഇല്ലാത്തതിനാലും സസ്പെന്ഷന് പിന്‍വലിച്ചു.