തിരുവനന്തപുരം: മറിയക്കുട്ടിയെ കൈവിട്ട് കോണ്‍ഗ്രസ്. മറിയക്കുട്ടി ആര് വിളിച്ചാലും അവരുടെ പരിപാടികള്‍ക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മറിയക്കുട്ടിക്ക് രാഷ്ട്രീയമില്ല, 86 വയസുള്ള ഒരു വയോധികയാണ്. എല്ലാ വേദികളും അവര്‍ പങ്കിടുമെന്നും വിഡി സതീശന്. തൃശൂരില്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മറിയക്കുട്ടി പങ്കെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മറിയക്കുട്ടി കോൺഗ്രസ് അനുഭാവി ആണെന്ന പ്രസ്താവനയും അവരെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയിൽ പങ്കെടുക്കാൻ മാറിയക്കുട്ടിയും എത്തിയിരുന്നു. ഇതോടെ കോൺഗ്രസ് മറിയക്കുട്ടിയെ കൈവിട്ട അവസ്ഥയാണ്.