തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാതനടപടിയാണ് പൊലീസ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, താന്‍ സംസാരിക്കുമ്പോഴാണ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതെന്നും പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന് ഫേസ്ബുക്കിൽ പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസംഗത്തിനു ശേഷം വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പൊ ലീസ് നടപടിയുണ്ടായത്. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു.
നേതാക്കൾക്കും പ്രവർത്തകൾക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീർവാതക പ്രയോഗവുമുണ്ടായി. എട്ടുതവണയാണ് പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചത്. ഇതോടെ, നേതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് സ്ഥലത്തുനിന്ന് മാറി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസിനു നേരെ കല്ലേറുണ്ടായി.
സാധാരണ നേതാക്കൾ പ്രസംഗിച്ചതിനു ശേഷമാണ് പൊ ലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുക. എന്നാൽ നേതാക്കൾക്കു നേരെ തുടക്കത്തിൽതന്നെയുണ്ടായ കണ്ണീർവാതക പ്രയോഗം ആസൂത്രിതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കെ.സുധാകരനും വി.ഡി. സതീശനും പുറമേ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ മുരളീധരന് എംപി തുടങ്ങിയവരും കെപിസിസി ഭാരവാഹികളും പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരുന്നു.