തിരുവനന്തപുരം: മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നതെന്നും സതീശന് പറഞ്ഞു.
2022ല്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമര്‍ശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമര്‍ശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.
”ഒരു എഴുത്തുകാരന് എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടന്മാര്’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടന്‍’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാല്‍ മനസ്സു മുഴുവന്‍ പേടിയാണ്.” സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചതെന്നും കരുവന്നൂരില്‍ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് ഒരിടം നല്‍കാനാണ് സിപിഎം ശ്രമമെന്നും സതീശന് ആരോപിച്ചു.