കൊച്ചി : എസ് എഫ് ഐ നേതാവിനെതിരായ മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ സംസ്ഥാന നേതാവ് നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോട്ടർക്കെതിരെയടക്കം കേസെടുത്തത്. മഹാരാജാസിൽ ഗുരുതരമായ കുറ്റകൃത്യമാണ് മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നടന്നത്. പ്രിൻസിപ്പാൾ അത് തുറന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടിയാണ് നടന്നത്. ഇത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. പക്ഷേ വാദി പ്രതിയാകുന്ന കാഴ്ചയാണെന്നും കേസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.