തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം.പ്രതിഷേധക്കാരും ഇടത് സംഘടന പ്രവർത്തകരും തമ്മിലാണ് സംഘർഷം. ഡിഎ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന എൽഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സർവീസ് സംഘടനകൾ സമരം ചെയ്യുന്നത്.അതേസമയം സർക്കാരിന്റെ ഡയസ്നോണ്‍ ഭീഷണിക്കിടെയാണു യുഡിഎഫ്, ബിജെപി അനുകൂല സർവീസ് സംഘടനകൾ ഇന്നു പണിമുടക്കുന്നത്.
പ്രതിഷേധക്കാർക്ക് ഇടയിലൂടെ ഒരു ജീവക്കാരൻ നിരവധി തവണ ബൈക്ക് ഓടിച്ചതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. ഇയാൾ ഒരു ജീവനക്കാരിയെയും കൊണ്ട് സെക്രട്ടറിയറ്റിലേക്ക് പോകുന്നതിനിടെ സമരക്കാർ തടഞ്ഞു. പിന്നീട് പോലീസ് ഇടപെട്ട് ഇയാളെ സെക്രട്ടറിയറ്റിലേക്ക് കടത്തിവിട്ടു. ഇതിനു പിന്നാലെ ഇടത് സംഘടന ജീവക്കാർ സ്ഥലത്തെത്തി പ്രതിഷേധക്കാർ ജീവനക്കാരെ തടയുകയാണെന്ന് ആരരോപിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി.പോലീസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങളെയും മാറ്റിയത്.