ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിലെ അജണ്ടകൾ വ്യക്തമായതിനുശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇൻഡ്യ മുന്നണി തീരുമാനിച്ചത്. അജണ്ടകൾ എന്താണെന്ന് അറിയാതെ കൂടുതൽ വിമർശനങ്ങൾ ഉയർത്തേണ്ടത് ഇല്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയെന്ന രാജ്യത്തിൻറെ പേര് ഭാരതമെന്നാക്കി മാറ്റൽ തുടങ്ങി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇന്നലെ ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലും ധാരണയായി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ കുറിച്ച് പഠിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുമായി ഒരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വനിതാ ബിൽ സംബന്ധിച്ച പ്രതിപക്ഷ നിരയിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെങ്കിലും അദാനി വിഷയം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാനും ഇൻഡ്യ മുന്നണി തീരുമാനിച്ചിട്ടുണ്ട്. ചോദ്യോത്തര വേളയില്ലാതെ ആകും പ്രത്യേക സഭാ സമ്മേളനം ചേരുക എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങൾ കൂടി പ്രത്യേക സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിക്ക് വേണ്ടി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് അയക്കും. പാർലമെന്റിൽ ചർച്ചചെയ്യാൻ പോകുന്ന വിഷയങ്ങൾ വ്യക്തമായാൽ ഇന്ത്യ മുന്നണി വീണ്ടും യോഗം ചേരും. മല്ലികാർജുൻ ഖാർഗേയുടെ ചേമ്പറിൽ ചേരുന്ന യോഗത്തിലാകും ഇരു സഭകൾക്കുള്ളിലും സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പ്രതിപക്ഷം അന്തിമ തീരുമാനത്തിലെത്തുക.