ന്യൂഡല്‍ഹി : പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത് അര്‍ധരാത്രിക്ക് ശേഷം. ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി, ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നുവെങ്കിൽ ഓപ്പറേഷൻ സിന്ദൂർ അർധരാത്രിക്കു ശേഷമാണ്. ഇത്തവണ കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയത്.
ആക്രമണത്തിന് മുമ്പ് പുലര്‍ച്ചെ 1. 28 ന് ഇന്ത്യന്‍ സൈന്യം ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു. കരസേന എഡിജി പിഐയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലായിരുന്നു പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു ഇന്ത്യന്‍ ആക്രമണം.
പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സൈന്യം ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം ഉണ്ടായി. പാക് പഞ്ചാബിലെ ബഹാവല്‍പൂരില്‍ 15 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി.