തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിമരുന്നുകള്‍ക്ക് എതിരായ നടപടി ശക്തമാക്കുന്നതിനിടെ ശനിയാഴ്ച മാത്രം അറസ്റ്റിലായത് 125 പേര്. ഡി ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശനിയാഴ്ച നടത്തിയ ഓപ്പറേഷന് ഡി-ഹണ്ട് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പങ്കുവച്ചത്.
ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0321 കിലോ ഗ്രാം), കഞ്ചാവ് (25.178 കിലോ ഗ്രാം), കഞ്ചാവ് ബീഡി (73 എണ്ണം) എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരില്‍ നിന്നും പൊലീസ് സംഘം കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്.