ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് ഇസ്രയേലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യമായ ഓപ്പറേഷൻ അജയ്യുടെ മൂന്നാം വിമാനം ഡൽഹിയിലെത്തി. 18 മലയാളികൾ ഉൾപ്പെടെ 198 പേരാണ് മടങ്ങിയെത്തിയത്.
ഇതോടെ ഇസ്രയേലിൽനിന്നും മൂന്ന് വിമാനങ്ങളിലായി 645 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഓപ്പറേഷൻ അജയുടെ ഭാഗമായി നാലമത്തെ വിമാനവും ഇസ്രയേലിൽനിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. 274 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് ഇസ്രയേലിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർ എന്ന മുറയ്ക്കാണ് യാത്രക്കാരെ ഇന്ത്യയിലെത്തിക്കുന്നത്. യാത്രച്ചെലവ് സർക്കാരാണു വഹിക്കുന്നത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ അജയുടെ ഭാഗമായി പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.