തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വിസിമാരെ ഇന്ന് ഹിയറിങ്ങിനായി ഗവര്‍ണര്‍ വിളിച്ചിരുന്നു. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല വിസി ഇന്ന് ഹിയറിങ്ങിന് ഹാജരായില്ല. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ സര്‍വകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹിയറിങ്ങിന് ഹാജരായി. സംസ്കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന് ഓണ്‍ലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങില്‍ അറിയിച്ചു. വിസിമാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു.
കാലിക്കറ്റ് വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാന്‍ കാരണമായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടിസ് നല്‍കിയത്. രാജിക്കത്തില്‍ നിയമോപദേശം തേടിയ ശേഷമെ രാജിക്കത്തില്‍ തീരുമാനമെടുക്കയുളളു.