കണ്ണൂര്‍ : ദേശീയ പാതയില്‍ ഓടുന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന് മരിച്ചു. തളിപ്പറമ്പ് ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന് (77) ആണ് മരിച്ചത്. നിര്‍ത്താതെ പോയ ബസ് പൊലീസ് പിന്തുടര്ന്ന് പിടികൂടി.
പാല് വാങ്ങാന്‍ കഴിഞ്ഞദിവസം രാവിലെ 6.45ന് ദേശീയപാതയുടെ സര്‍വീസ് റോഡരികിലുടെ നടന്നുപോകുമ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതില്‍ ഇടിച്ചാണ് അപകടം. തൊട്ടു പിന്നാലെ എത്തിയ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോയോട് നാട്ടുകാര്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് 2 കിലോമീറ്ററോളം പിന്തുടര്ന്ന് ഏഴാംമൈലില്‍ വച്ചാണ് ബസ് പിടികൂടിയത്.
തുറന്നുവച്ച വാതിലുമായി വീതികുറഞ്ഞ സര്‍വീസ് റോഡിലൂടെ ബസ് വേഗത്തില്‍ ഓടിച്ചു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാജനെ നാട്ടുകാര്‍ ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.