കോയമ്പത്തൂര്‍ : മരംകോച്ചുന്ന തണുപ്പില്‍ വിറയ്ക്കുന്ന ഊട്ടിയില്‍ താപനില പൂജ്യത്തിന് അരികില്‍. മഞ്ഞ് പുതച്ചു കിടക്കുന്ന ഊട്ടിയില്‍ ദൂരക്കാഴ്ച തടസ്സപ്പെട്ടിരിക്കുകയാണ്. കാലംതെറ്റിയ അതിശൈത്യം കാര്‍ഷിക മേഖലയെ ബാധിച്ചതായി കര്‍ഷകര്‍ ആശങ്ക രേഖപ്പെടുത്തി.
അതിശൈത്യം പ്രദേശവാസികളില്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. കാന്തലിലും തലൈകുന്തയിലും താപനില ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസിന് തൊട്ടുമുകളിലാണ് താപനിലയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തണുപ്പ് വര്‍ധിച്ചതോടെ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്.
മലനിരകളെ പിടികൂടിയ കാലംതെറ്റിയ തണുപ്പില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എല്‍നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വയോണ്‍മെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.