കൊല്ലം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. നിലമേൽ പിന്നിട്ടു. എട്ടു മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരം ജില്ല വിട്ടത്.
തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നിറകണ്ണുകളോടെ പെരുമഴയെ പോലും അവഗണിച്ചാണ് റോഡുവക്കിൽ കാത്തുനിൽക്കുന്നത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ജനനായകന് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. മൃതദേഹം കണ്ട് ചിലർ പൊട്ടിക്കരയുന്നുണ്ടായിരുന്നു.ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിനെ അവസാനമായി കാണാൻ കുഞ്ഞ് കുട്ടികൾ മുതൽ പ്രായമായവർ വരെ റോഡിന്റെ ഇരുവശങ്ങളിലായി നിൽക്കുകയാണ്. ഓരോ സ്ഥലത്തും ജനസാഗരമായതിനാൽ അതിവേഗമില്ലാതെയാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്.