കോട്ടയം : രാത്രി എത്ര വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി.ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെങ്കിൽ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ രാത്രിയിലും നടത്തുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി വർഗീസ് വർഗീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് കളക്ടർ അനുമതി നൽകിയത്. ജനത്തിരക്ക് മൂലം ഉമ്മൻചാണ്ടിയുടെ വിലാപയാത്ര മണിക്കൂറുകളോളം വൈകിയ സാഹചര്യത്തിൽ സംസ്ക്കാരം ഇന്നുണ്ടാകുമോ എന്ന ആകാംക്ഷക്കാണ് കളക്ടറുടെ ഉത്തരവോടെ അവസാനമായത്.
പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു.2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. വിലാപയാത്ര നിലവിൽ കോട്ടയം തിരുനക്കര മൈതാനത്താണ് .തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്.
ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു.നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പ്രമുഖർ തിരുനക്കര മൈതാനത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. നേരത്തേ, കോട്ടയം ഡിസിസിലെ പൊതുദര്‍ശനം പത്ത് മിനിറ്റാക്കി ചുരുക്കിയിരുന്നു. പ്രിയ നേതാവിനെ കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റിയതോടെയാണിത്.