കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്തെത്തി.സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം വൻ ജനാവലിയാണ് ഇന്നലെ രാത്രി മുതൽ ഉമ്മൻചാണ്ടിയുടെ അവസാന വരവിനായി ഇവിടെ കാത്തിരിക്കുന്നത്.പ്രിയ നേതാവിന് നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ വിടചൊല്ലുന്നത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്.
ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, രാവിലെ ഒൻപതുമണിയോടെ താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തി ജനക്കൂട്ടത്തിനൊപ്പം കാത്തിരിക്കുകയാണ്. നടന് രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തും.പുലർച്ചെ അഞ്ചരയോടെയാണ് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന് രണ്ടായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.ആളുകളെ തിരുനക്കരയിൽ തങ്ങിനിൽക്കാൻ അനുവദിക്കില്ല. വരിനിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ, കോട്ടയം ഡിസിസിലെ പൊതുദര്‍ശനം പത്ത് മിനിറ്റാക്കി ചുരുക്കിയിരുന്നു. പ്രിയ നേതാവിനെ കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് ഉണ്ടായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം പാടെ താളം തെറ്റിയതോടെയാണിത്.