കോട്ടയം: യാത്രകളവസാനിപ്പിച്ച് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിൽ തിരിച്ചെത്തി. 5 മണിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളിയിലെത്തിയത്. ഹൃദയം നുറുങ്ങി ആയിരങ്ങൾ പിന്തുടർന്നപ്പോൾ പുതുപ്പള്ളി കവലയിലും മറ്റും ക്ഷമയോടെ കാത്തിരുന്നത് യാത്രകൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ , നുറുങ്ങിയ ഹൃദയത്തോടെ പിന്തുടരുന്നത് പതിനായിരകണക്കിന് പേരാണ്. റോഡിനിരുവശവും തിങ്ങി നിറഞ്ഞ് ജനം പ്രിയനേതാവിന് ആദരമേകി.
ആദ്യം തറവാട്ടു വീട്ടിലാണ് ഭൗതിക ശരീരമെത്തിക്കുക. ഇവിടെ പ്രാർഥനകൾക്ക് ശേഷം സ്വവസതിയിലേക്ക് മാറ്റും. 6.30ന് പുതിയ വീട്ടിലും പ്രാർഥനയുണ്ടാകും. പിന്നീട് 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്കാരപ്രാർഥനകൾ നിശ്ചയിച്ചിരിക്കുന്നത്.രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു.
സംസ്കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖരും ചടങ്ങിലുണ്ടാകും.