കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിക്ക് കൊവിഡ് വാക്സിൻ നൽകാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി. തുടർന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടും ഇക്കാര്യം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
‘കാലം സത്യം തെളിയിക്കും. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുത്. പിതാവിന് കൊവിഡ് വാക്സിൻ നൽകാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ്. പാർശ്വഫലം ഭയന്നാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കേരള സമൂഹത്തോടെങ്കിലും മാപ്പ് പറയണം. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്നുവരെ പറഞ്ഞുപരത്തി. കൊവിഡ് വാക്സിൻ നൽകിയില്ലെങ്കിലും മറ്റെല്ലാ ചികിത്സകളും അദ്ദേഹത്തിന് നൽകിയിരുന്നു. അദ്ദേഹത്തിന് ചികിത്സ നൽകിയില്ലെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമം മാപ്പ് പറയണം’- ചാണ്ടി ഉമ്മൻ പറഞ്ഞു.
കൊവിഡ് വാക്സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദം ചാണ്ടി ഉമ്മൻ വീണ്ടും ചർച്ചയാക്കിയത്. യുകെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
ഇന്ത്യയെ ഉൾപ്പെടെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്. മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്സിൻ കാരണമാകാമെന്ന് മരുന്നുനിർമ്മാണ കമ്പനി യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.