കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയെന്ന് സൂചന. ഔദ്യോഗിക ബഹുമതികളില്ലാതെ മതി സംസ്കാരമെന്ന് ഉമ്മൻചാണ്ടി കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കുടുംബവുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.
വൈകിട്ട് അഞ്ചുമണിയോടെ വിലാപയാത്ര കോട്ടയത്ത് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വിലാപയാത്ര പുറപ്പെട്ടത് മുതൽ റോഡരികിൽ വൻ ജനക്കൂട്ടമായിരുന്നു പ്രിയ നേതാവിനെ കാത്തുനിന്നത്. എല്ലാവർക്കും അവസാനമായി കാണാൻ അവസരമുണ്ടാക്കുന്നതിനായി വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്.നിലവിലെ സാഹചര്യത്തിൽ വിലാപയാത്ര എത്താൻ വൈകിട്ട് ഏഴ് മണിയെങ്കിലും ആകും.രാത്രിയിലാണ് മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ നേതൃത്വം നൽകും.
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാൻ കോട്ടയത്തെ തിരുനക്കര മൈതാനിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി. കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.മൈതാനിയിലെത്തുന്ന മുഴുവൻ പേർക്കും അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇടമുറിയാതെ എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി വിഎൻ വാസവനും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി ഹൌസിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണിക്കൂർ കൊണ്ട് 15 കിലോമീറ്റർ ദൂരംമാത്രമാണ് പിന്നിട്ടത്.