കോട്ടയം: പതിനായിരക്കണക്കിന് ജനങ്ങളുടെ ഉള്ളുലച്ച് തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു.പള്ളിയിലെ പൊതുദർശന ചടങ്ങുകൾ ആരംഭിച്ചു.
അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന് പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. സംസ്കാര ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്നു. കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കുന്നു.
നേതാക്കളെയും പൊലീസുകാരെയും അമ്പരപ്പിച്ച് രാഹുൽ ഗാന്ധിയും വിലാപയാത്രയിൽ പങ്കുചേർന്നു. രാത്രി ഏഴോടെ പുതുപ്പള്ളി പള്ളിയിലെത്തിയ രാഹുൽ അവിടെ കാത്തിരിക്കുകയായിരുന്നു.ഉമ്മൻ ചാണ്ടിയുടെ പുതിയ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് വിലാപയാത്രയായി പള്ളിയിലേക്ക് എത്താനായിരുന്നു രാഹുൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ വലിയ ജനാവലിയുടെ ഇടയിൽ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി രാഹുലിനെ വിലക്കി.
പുതിയ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും നേതാക്കളും പള്ളിയിലേക്ക് എത്തി. ഈ സമയം മൃതശരീരവും വഹിച്ചുള്ള വാഹനം പള്ളിയിലേക്ക് നീങ്ങി. ജനാവലി വാഹനത്തെ പിന്തുടർന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനെയും വിളിച്ച് തന്റെ കാറിൽ കയറ്റി വിലാപയാത്രയ്ക്ക് അരികിലേക്ക് എത്തിയത്. അദ്ദേഹം പാതിവഴിയിൽ വിലാപയാത്രയിൽ പങ്കുചേർന്നു.