കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. 13 മണിക്കൂർ പിന്നിട്ട യാത്ര ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി തിരുനക്കര ലക്ഷ്യമാക്കി തുടരുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസ്സിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനിൽക്കുന്ന വൻ ജനാവലിയ്ക്കു നടുവിലൂടെ എത്താൻ അർധരാത്രിയാകും. നാളെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും.
വിലാപയാത്ര കൊട്ടാരക്കര കടക്കാനെടുത്തത് മണിക്കൂറുകളാണ് . അക്ഷരാർഥത്തിൽ കൊട്ടാരക്കരയിൽ പ്രിയ നേതാവിനെ കാണാൻ ജനസാഗരം തടിച്ചുകൂടി.ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള പുഷ്പാലംകൃത വാഹനം ഏറെപണിപ്പെട്ടാണ് ജനക്കൂട്ടത്തെ വകഞ്ഞ് മുന്നോട്ടുനീങ്ങിയത്. മെയിൻ സെൻട്രൽ (എംസി) റോഡ് കൈയേറി ജനക്കൂട്ടം തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ കാത്തുനിന്നു. ആളുകളെ കടന്ന് വാഹനം മുന്നോട്ടുപോകാൻ കഴിയാതെ നിർത്തിയിടേണ്ടിവന്നു.
പൊലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്പോൾ ജനം ബസിന്റെ ചില്ല് ജനാലയിൽ തട്ടി അലമുറയിട്ടു. ചാണ്ടി ഉമ്മനും നേതാക്കൾക്കും വണ്ടിയുടെ ചില്ലിൽ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യർഥിക്കേണ്ടിവന്നു. പി.സി. വിഷ് നാഥ് എംഎൽഎയും, കൊടിക്കുന്നിൽ സുരേഷ് എംപിയും വാഹനം കടത്തിവടണമെന്ന് ആളുകളോട് അപേക്ഷിച്ചു.
ജനബാഹുല്യത്തെ വകഞ്ഞ് ലോ ഫ്ളോർ എസി ബസ് കൊട്ടാരക്കരയെ മറികടക്കുന്പോൾ അവിടെ മാത്രം മണിക്കൂറുകൾ പിന്നിട്ടിരുന്നു. വിലാപയാത്ര ഇതിനകം 13 മണിക്കൂർ പിന്നിട്ടു. 13 മണിക്കൂറില്‍ 72 കിലോമീറ്റര്‍ മാത്രമാണ് പിന്നിടാനായത്. കനത്തമഴയും വെയിലും മറന്നായിരുന്നു ജനങ്ങള്‍ ആദരവും സ്നേഹവും അര്‍പ്പിച്ചത്. തലസ്ഥാനത്തിന്റേയും തിരുവനന്തപുരം ജില്ലയുടേയും അളവറ്റ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു ബുധനാഴ്ച രാവിലെ ഏഴിന് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ജഗതിയിലെ വീട്ടില്‍നിന്നാരംഭിച്ച് നഗര വീഥികള്‍ പിന്നിട്ടത്.