തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചു. പുതുപ്പള്ളി ഹൗസിൽ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയ അഭൂതപൂർവമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപ്പെട്ടതോടെ, നേരത്തെ നിശ്ചയിച്ചതിലും നാല് മണിക്കൂർ വൈകിയാണ് മൃതദേഹം ദർബാർ ഹാളിൽ എത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ ദർബാർ ഹാളിൽ എത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും മത, സാംസ്കാരിക നേതാക്കളും ദർബാർ ഹാളിലും ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിക്കാനായി എത്തി. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉമ്മൻ ചാണ്ടി പതിവായി പ്രാർഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനം നടത്തും.
മൃതശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ സെക്രട്ടേറിയറ്റ് പരിസരം ജനസാഗരമായിരുന്നു. ആയിരങ്ങളാണ് കേരളത്തിന്റെ പ്രിയ നേതാവിന് ആദരമർപ്പിക്കാനായി സെക്രട്ടേറിയറ്റ് പരിസരത്ത് കാത്തുനിൽക്കുന്നത്. ജനബാഹുല്യം കാരണം പൊതുദർശന സമയം വൈകുകയാണ്. അഞ്ച് മണിയോടെയാണ് ദർബാർ ഹാളിൽ പൊതുദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയതോടെയാണ് വൈകിയത്.
നേരത്തെ, ബംഗളൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെ എത്തിയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു. പുതുപ്പള്ളി ഹൗസിലെ ആദരമർപ്പിക്കാനുള്ള ചടങ്ങിനിടെ നിയന്ത്രിക്കാനാവാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും പോലും ഉമ്മൻ ചാണ്ടിയുടെ അടുക്കൽ നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.