കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽനിന്ന് ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. വൻ ജനാവലിയാണ് വിലാപയാത്ര കടന്നുപോകുന്ന വഴിയരകിൽ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ കാത്തിരിക്കുന്നത്.
യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും. നിലവിൽ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ വഴിയരികിൽ നിർത്തേണ്ടി വന്നാൽ ഇനിയും സമയം വൈകും. വിലാപയാത്ര വീട്ടിൽ എത്തിയാലുടൻ സംസ്കാര ശുശ്രുഷകൾ നടക്കും. പിന്നീട് പണി പൂർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് ഏഴരയോടെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോവും. പ്രത്യേകം ഒരുക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.