കൊച്ചി : സിനിമകള്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വ്ലോഗര്‍മാര്‍ സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നെഗറ്റീവ് റിവ്യൂകള്‍ നല്കുന്നതു നിയന്ത്രിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.
“ആരോമലിന്റെ ആദ്യപ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകന് മുബീന് റൗഫ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് വിശദീകരണം തേടിയത്. ഹര്‍ജിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. ശ്യാം പത്മനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
വ്ലോഗര്‍മാര്‍ സിനിമ കാണാതെയാണ് നെഗറ്റീവ് റിവ്യൂ നല്‍കുന്നതെന്നും ഇതു സിനിമയുടെ വിജയത്തെ ബാധിക്കുമെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. റിവ്യൂ നടത്തുന്ന വ്ലോഗര്‍മാര്‍ പണം ആവശ്യപ്പെട്ടു നിര്‍മാതാക്കളെയും സിനിമയുടെ പിന്നണി പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.