മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം. സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് സമരം.
ഏഷ്യയിലെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. സവാള വില 20 രൂപയിലേക്ക് കുറയുന്ന ഘട്ടത്തില്‍ തീരുവ ഏര്‍പ്പെടുത്തിയത് അനാവശ്യമാണെന്നാണ് വ്യാപാരികളുടെ നിലപാട്. ഇത് രാജ്യത്തിന്റെ കയറ്റുമതി പ്രതിച്ഛായയെ ദോഷകരമായി ബാധിക്കും. വ്യാപാരികള്‍ക്ക് കിട്ടുന്ന ലാഭത്തെ ഇത് കാര്യമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
നിലവില്‍ 30 മുതല്‍ 40 രൂപ വരെയാണ് സവാളയുടെ ശരാശരി വില. സെപ്റ്റംബര്‍ ആദ്യ വാരത്തോടെ സവാളയ്ക്ക് വലിയ തോതില്‍ വില കൂടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. ആഭ്യന്തര വിപണിയിലെ ലഭ്യത കൂട്ടി വിലക്കയറ്റം പിടിച്ച് നിര്‍ത്താനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു കേന്ദ്ര തീരുമാനം.