ന്യൂഡല്‍ഹി : ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്ജുന് രാം മേഘ് വാള് ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ബില്‍ പരിശോധിക്കാനുള്ള ജെപിസിയിലെ എംപിമാരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ 39 ആയി ഉയര്‍ത്തി.
സിപിഎമ്മിന്റെ കെ രാധാകൃഷ്ണനും ജെപിസിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), ലോക് ജനശക്തി പാര്‍ട്ടി ( രാംവിലാസ്) എന്നീ പാര്‍ട്ടി എംപിമാരെയും ജെപിസിയില്‍ ഉള്‍പ്പെടുത്തി. ബിജെപിയില്‍ നിന്ന് ബൈജയന്ത് പാണ്ഡെ, സഞ്ജയ് ജയ്സ്വാള്‍ എന്നിവരും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഛോട്ടേലാല്‍ എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തി.
ശിവസേന ( ഉദ്ധവ് താക്കറെ) വിഭാഗത്തില്‍ നിന്നും അനില്‍ ദേശായ്, എല്‍ജെപിയില്‍ നിന്ന് സംഭാവി എന്നിവരും ജെപിസിയില്‍ ഇടംനേടി. സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ലോക്സഭയില്‍ നിന്ന് 27 എംപിമാരും, രാജ്യസഭയില്‍ നിന്ന് 12 എംപിമാരുമാണ് ഇടംപിടിച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രി പി പി ചൗധരിയാണ് ജെപിസി അധ്യക്ഷന്‍. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്‍ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത്.