ന്യൂഡല്‍ഹി: “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാന്‍ രൂപീകരിച്ച സമിതിയുടെ ആദ്യയോഗം ബുധനാഴ്ച ചേരും. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വസതിയില്‍ ഉച്ചയ്ക്ക് ശേഷമാണ് യോഗം. രാം നാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍.
ഏഴ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. നേരത്തെ, “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സമിതിയില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താന്‍ കഴിയുമോ എന്നുള്ളതടക്കം ഏഴ് പ്രധാനപ്പെട്ട നിര്‍ദേങ്ങളാണ് ഈ സമിതിക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
വിഷയം പഠിക്കാന്‍ സമിതിക്ക് എത്ര സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ കഴിയുന്നത്ര വേഗം ഇത് സംബന്ധിച്ച മറുപടി നല്‍കാനാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിവരം.
കഴിഞ്ഞ ജൂണില്‍തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ റാം നാഥ് കോവിന്ദ് നടത്തിയിരുന്നതായും സൂചനകളുണ്ട്.
2014ലെ ബിജെപി പ്രകടന പത്രികയില്‍ “ഒരു രാജ്യം തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉള്‍ക്കൊള്ളിച്ചിരുന്നു. പല സമയത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഇതിലൂടെ ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ അഭിപ്രായപ്പെട്ടിരുന്നു.