ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ കേന്ദ്രസർക്കാർ എട്ടംഗ സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാൽവേ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്വാളിനെ പ്രത്യേക ക്ഷണിതാവായും സമിതിയിൽ ഉൾപ്പെടുത്തി.
ലോക്സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിലൂടെ വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാവുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.