കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി.നിപ ബാധിച്ച് മരിച്ച രണ്ട് പേര് നേരത്തേ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ ആള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഫലം പോസീറ്റീവ് ആവുകയായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. നിപ പ്രതിരോധം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം വെള്ളിയാഴ്ച നടക്കും. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. രാവിലെ 10ന് ആണ് യോഗം.11ന്, മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗവും ചേരും. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും. വെള്ളിയും ശനിയുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
നിപ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഹൈ റിസ്കില്പെട്ട 15 പേരുടെ പരിശോധന ഫലമാണ് വരിക.കഴിഞ്ഞദിവസം ജില്ലയില്‍നിന്ന് അയച്ച 11 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുള്ളവരടക്കമുള്ളവര്‍ക്കാണ് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം, കേന്ദ്ര സംഘം വെള്ളിയാഴ്ച വവ്വാലുകളില്‍ പരിശോധന നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച വൈറോളജി ലാബിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.