കോഴിക്കോട് : സംസ്ഥാനത്ത് ഒരാൾക്കുകൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് കോർപറേഷൻ പരിധിയിലുൾപ്പെട്ട ചെറുവണ്ണൂരിലെ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രണ്ടുമരണം ഉൾപ്പെടെ നിപാബാധിച്ചവരുടെ എണ്ണം ആറായി.
ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലിയിൽ നിന്നാണ് രോഗം പകർന്ന് കിട്ടിയത്. രോഗത്തെതുടർന്ന് മരിച്ച മുഹമ്മദലി ആശുപത്രിയിലുണ്ടായിരുന്ന ദിവസം, പുതുതായി നിപാ സ്ഥിരീകരിച്ച യുവാവ് ബന്ധുവിനൊപ്പം അവിടെ ഉണ്ടായിരുന്നു.മുഹമ്മദലിക്കും നിപാ ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ തൊണ്ടയിലെ സ്രവം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം പോസിറ്റീവാണ്. ഇദ്ദേഹത്തിൽനിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.
ചെറുവണ്ണൂരിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണുകളാണ്.