മുംബെെ: ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇല്ല. ബാറ്റ്സ്മാൻ തിലക് വര്‍മ, പേസർ പ്രസിദ് കൃഷ്ണ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കി.
പരിക്കേറ്റ് ദീർഘകാലമായി ടീമിന് പുറത്തായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിനെ സെലക്ടർമാർ ലോകകപ്പിന് ഉൾപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. ഏഷ്യാ കപ്പിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. സൂപ്പർ ഫോർ പോരാട്ടങ്ങൾക്കായി രാഹുൽ ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനും ചികിത്സകൾക്കും ശേഷമാണ് താരം ഫിറ്റ്നസ് വീണ്ടെടുത്തത്.
സമീപഭാവിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനാണ് ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പർ. രോഹിത് ശർമ നായകനായ ടീമിന്റെ ഉപനായകൻ ഹർദിക് പാണ്ഡ്യയാണ്. സ്പിന്നർ യുസ്വേന്ദ്ര ചഹലിനും ടീമിൽ സ്ഥാനം ലഭിച്ചില്ല.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന് കിഷൻ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, അക്ഷർ പട്ടേല്‍, സൂര്യകുമാര്‍ യാദവ്.